2013, മാർച്ച് 31, ഞായറാഴ്‌ച

ഇതള്‌ ചോരുന്ന പൂവായിരുന്നു നീ...


ഇതള്‌ ചോരുന്ന പൂവായിരുന്നു നീ..
ഇലകളോടൊത്തു വാടാതെ നിന്നു നീ...
മഴ തിളങ്ങുന്ന മിഴിയായിരുന്നു നീ..
ഇഴകളായ്‌ നേര്‍ത്ത ചിരിയായിരുന്നു നീ..

ജലസമാധിയില്‍ മുങ്ങിയൊരോര്‍മയില്‍
തളിര്‌ തേടുന്ന മരമായിരുന്നു നീ..
പകലുകള്‍ക്കൊപ്പമോടാന്‍ മടിച്ചൊരീ,
വഴികളില്‍ വീണ നിഴലായിരുന്നു നീ..
പരതുമോര്‍മകള്‍ നോവാതുലച്ചൊരു
പഴയ വാക തന്‍ മണമായിരുന്നു നീ..

കടലു പോലിവന്‍ മൂടാന്‍ കൊതിച്ചൊരു
തിരയൊടുങ്ങാത്ത നോവായിരുന്നു നീ..
സ്‌മൃതികളില്‍ പൂത്ത പൊന്‍ചെമ്പകത്തിന്റെ
പിറവി നേടാത്ത നിനവായിരുന്നു നീ.
വെയിലിലുരുകിത്തിളച്ചിറ്റുപോയൊരാ
നിറവുകള്‍ നീറുമുയിരായിരുന്നു നീ.

ഇടറി വീണൊരാ മറവിച്ചതുപ്പിലെന്‍
വിരലുകള്‍ പൂത്ത കാവായിരുന്നു നീ.
ഇനിയുമടരാതെ മിഴിയോടുരുമ്മുമീ
നനവിനൊക്കെയും പേരായിരുന്നു നീ.
മതിവരാതെന്നുമൂതിത്തിളക്കുമാ
പഴയ കാഴ്‌ച തന്‍ നേരായിരുന്നു നീ...
ഇതള്‌ ചോരുന്ന പൂവായിരുന്നു നീ...

2013, മാർച്ച് 29, വെള്ളിയാഴ്‌ച

പുനര്‍ജന്മം

ഇനി പുനര്‍ജന്മം കൊതിക്കാം. 
അറിയാത്ത ആഴങ്ങളില്‍ നിന്നും 
നീ ഉയര്‍ന്നു വരുന്നതും കാത്ത്‌,
ഒരു പുനര്‍ജന്മം.
നനഞ്ഞു നൊന്ത തലയിണകള്‍ 
ചിരി പതിഞ്ഞുണങ്ങുന്ന രാത്രികള്‍ നോറ്റ്‌,
കുളിപ്പിന്നലാറാത്ത മഴക്കാലമോര്‍ത്ത്‌,
ഒരു പുനര്‍ജന്മം.
സ്വപ്‌നങ്ങളില്‍ ചാവ്‌ മണക്കാത്ത
മയക്കങ്ങളില്‍ നേര്‍ത്ത്‌,
നിറങ്ങളൊക്കെയും നീയാകുന്ന
സന്ധ്യകളെ ചേര്‍ത്ത്‌,
ഒരു പുനര്‍ജന്മം.
പങ്കുവയ്‌ക്കാന്‍ വരുന്നവന്‍ പിറക്കും മുമ്പ്‌,
തൊള്ള കീറും വെയില്‍ ചിലയ്‌ക്കും മുമ്പ്‌,
നിന്റെ കൈക്കുമ്പിളില്‍ പെയ്‌ത്‌ തോരാന്‍ മാത്രം,
കൊതിക്കാം ഒരു പുനര്‍ജന്മം...

2013, മാർച്ച് 23, ശനിയാഴ്‌ച

രണ്ട്‌ മീനുകള്‍.


ചത്തു മലച്ച രണ്ട്‌ മീനുകള്‍.
നിന്റെ പരല്‍മീനുകളില്‍
ഇണയെ തിരഞ്ഞവര്‍..
വെള്ളത്തിലലിഞ്ഞ കാറ്റു പോലെ 
അവയെ പ്രണയിച്ചവര്‍..
ഒടുവില്‍, 
നിന്റെ പരലുകളുടെ ഇളക്കങ്ങളില്‍
ശ്വാസം മുട്ടി ചത്തു മലച്ചവര്‍.
രണ്ട്‌ മീനുകള്‍.

2013, മാർച്ച് 17, ഞായറാഴ്‌ച

ചാവേര്‍..


ഓര്‍മകള്‍ പോറി മുറിഞ്ഞൊടുങ്ങുന്ന
ഒരു ചാവേറുണ്ടുള്ളില്‍.
വെറ്റിലക്കുമ്പിള്‍ ചേര്‍ത്തു പേരിട്ടതല്ല.
ചാവേറാണ്‌.
കണ്ണില്‍ വാര്‍ന്ന നിഴല്‍ പിന്തുടര്‍ന്ന്‌,
ചോര്‍ന്നു ചുവന്ന ചാവേര്‍..
അനുനിമിഷം പുനര്‍ജനിച്ച്‌,
നിന്റെ ഓര്‍മത്തലപ്പില്‍ ചത്തു തുടരുകയാണത്‌.

അനുയായികള്‍