2013, മാർച്ച് 31, ഞായറാഴ്‌ച

ഇതള്‌ ചോരുന്ന പൂവായിരുന്നു നീ...


ഇതള്‌ ചോരുന്ന പൂവായിരുന്നു നീ..
ഇലകളോടൊത്തു വാടാതെ നിന്നു നീ...
മഴ തിളങ്ങുന്ന മിഴിയായിരുന്നു നീ..
ഇഴകളായ്‌ നേര്‍ത്ത ചിരിയായിരുന്നു നീ..

ജലസമാധിയില്‍ മുങ്ങിയൊരോര്‍മയില്‍
തളിര്‌ തേടുന്ന മരമായിരുന്നു നീ..
പകലുകള്‍ക്കൊപ്പമോടാന്‍ മടിച്ചൊരീ,
വഴികളില്‍ വീണ നിഴലായിരുന്നു നീ..
പരതുമോര്‍മകള്‍ നോവാതുലച്ചൊരു
പഴയ വാക തന്‍ മണമായിരുന്നു നീ..

കടലു പോലിവന്‍ മൂടാന്‍ കൊതിച്ചൊരു
തിരയൊടുങ്ങാത്ത നോവായിരുന്നു നീ..
സ്‌മൃതികളില്‍ പൂത്ത പൊന്‍ചെമ്പകത്തിന്റെ
പിറവി നേടാത്ത നിനവായിരുന്നു നീ.
വെയിലിലുരുകിത്തിളച്ചിറ്റുപോയൊരാ
നിറവുകള്‍ നീറുമുയിരായിരുന്നു നീ.

ഇടറി വീണൊരാ മറവിച്ചതുപ്പിലെന്‍
വിരലുകള്‍ പൂത്ത കാവായിരുന്നു നീ.
ഇനിയുമടരാതെ മിഴിയോടുരുമ്മുമീ
നനവിനൊക്കെയും പേരായിരുന്നു നീ.
മതിവരാതെന്നുമൂതിത്തിളക്കുമാ
പഴയ കാഴ്‌ച തന്‍ നേരായിരുന്നു നീ...
ഇതള്‌ ചോരുന്ന പൂവായിരുന്നു നീ...

3 അഭിപ്രായങ്ങൾ:

  1. പാടാൻ തോന്നുന്ന നല്ല വരികൾ

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  2. നല്ല പദസമ്പത്ത് , സംഗീതം... ശ്രമിച്ചാൽ ഒരു പാട്ടെഴുത്ത് കാരനാകാം

    മറുപടിഇല്ലാതാക്കൂ
  3. FB യിൽ പറഞ്ഞ അഭിപ്രായം തന്നെ സുഹൃത്തെ , ഒരുപാട് നന്നായി ,പാടുമ്പോൾ ഒരുപാട് വരികൾ മനസ്സിലുടക്കി ... സ്നേഹം

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍