2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

അവളും ഞാനും 6




അന്ന്‌ ഞങ്ങളൊരു ചെടി നട്ടു.നീലപ്പൂ വിരിയുന്ന ഒരു കുഞ്ഞു ശംഖുപുഷ്‌പം. അവളാണ്‌ വഴിവക്കത്തെങ്ങോ അനാഥയായ്‌ നിന്ന ചെടിക്കുഞ്ഞിനെ വീടെത്തിച്ചത്‌.പണ്ടെങ്ങോ അമ്മച്ചെടിയില്‍ നിന്ന്‌ നുള്ളിയ പൂവിനുള്ള പ്രായശ്ചിത്തമെന്നോണം, തണല്‍ തുളുമ്പുന്ന ഞങ്ങടെ മുറ്റത്ത്‌ ആ കുഞ്ഞിയെ നട്ടു.കുഞ്ഞുനെറുകയില്‍ നീലമേഘകണം പോലെയൊരു പൂ ചൂടിയിരുന്നു.അതിന്റെ ചുഴികളിലെങ്ങോ വെയില്‍ ഒളിച്ചിരുന്നു. തളിരിന്‌ മേല്‍ വെള്ളം ഇറ്റിച്ചുകൊണ്ടിരിക്കെ, അവളോട്‌ ഞാന്‍ പറഞ്ഞു, 'ഈ തൈ എന്റെ ബാല്യമാണ്‌. ഈ പൂ എന്റെ അമ്മയുടെ കണ്ണും.' അവള്‍ കണ്ണില്‍ വിരല്‍ തൊട്ട്‌, ഒരല്‌പം കണ്മഷി, കുഞ്ഞു പൂവില്‍ തേച്ചു. എന്നിട്ട്‌ എന്നെ നോക്കി പറഞ്ഞു, 'ഇപ്പൊ ഞാന്‍ നിന്റെ ബാല്യത്തോടും, അമ്മയുടെ കണ്ണിനോടും ചേര്‍ന്ന ഇളം കറുപ്പഴകാണ്‌.'
കുഞ്ഞിപ്പൂവിന്റെ കണ്ണ്‌ നിറഞ്ഞു വന്നു.കണ്മഷി പടര്‍ന്നു.



20-10-12

2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

അവളും ഞാനും 5



രാത്രിയില്‍ എപ്പോഴോ എന്നോട്‌ പ്രണയം നിറഞ്ഞ്‌ കവിയാറുണ്ടെന്ന്‌ അവള്‍ പറഞ്ഞു. എപ്പോഴെന്ന്‌ അവള്‍ക്കറിയില്ല. അന്ന്‌ രാത്രി ഞാന്‍ ഉണര്‍ന്നിരുന്നു.അവള്‍ ഉറങ്ങി. ഞാന്‍ ഒന്നും കണ്ടില്ല. പിറ്റേന്ന്‌ ഞാനും ഉറങ്ങി.ഒരു സ്വപ്‌നം എപ്പോഴോ വന്നു ചിലമ്പി.തൊടിയിലെ കണിക്കൊന്നയ്‌ക്ക്‌ ചോട്ടില്‍, പൂവെന്നോണം പൊഴിഞ്ഞ അവള്‍. നീലയില്‍ നിറയെ വെള്ളപ്പൂക്കളുള്ള ഉടുപ്പില്‍ അവള്‍ ആകാശമായി പ്രതിഫലിച്ചിരുന്നു. കാറ്റങ്ങനെ ഇളകി, ഇളയ ദളം പോലെ അവളെ ഊയലാട്ടുകയായിരുന്നു. ആ ഒരു നിമിഷം, യാഥാര്‍ത്ഥ്യത്തിന്റെ പരമോന്നതിയില്‍ ഞാന്‍ സ്വപ്‌നം കാണുകയായിരുന്നിരിയ്‌ക്കാം. അവസാനത്തെ ശ്വാസകണം വലിച്ചടുപ്പിയ്‌ക്കാനെന്ന പോലെ, ഞാന്‍ സ്വപ്‌നക്കൊമ്പില്‍ നിന്നൂര്‍ന്നു. കണ്ണുകള്‍ വിടര്‍ന്നു.നിലാവ്‌ ചില്ല നീട്ടിയ അവളുടെ മുഖത്ത്‌, ഒരു പുഞ്ചിരിക്കീറ്‌ ചിതറി നിന്നിരുന്നു.വലത്‌ കൈ എന്റെ കാതോട്‌ ചേര്‍ന്നിരുന്നു. അവള്‍ക്കപ്പുറം ഒന്നും ഞാന്‍ അറിയാത്ത ആ സമയം...അത്‌ തന്നെയാകണം അവള്‍ പറഞ്ഞ ആ നേരം. 
പിറ്റേന്നവള്‍ നീലയില്‍ വെള്ളപ്പൂക്കളുള്ള ഒരുടുപ്പ്‌ കൊതിച്ചു. ഞാനാ മഞ്ഞക്കൂട്‌ നീട്ടി. വെള്ളപ്പൂക്കളില്‍ നീല മണം ചുരന്നു.


19-10-12

2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

അവളും ഞാനും 4



ഇലത്തുമ്പുകളില്‍ നിന്നും ഇറ്റിറ്റു വീണ ഓരോ തുള്ളിയും, അവള്‍ കണ്ണുകള്‍ കൊണ്ടൊപ്പിയെടുത്തു.കണ്ണ്‌ നിറഞ്ഞൊഴുകി. മുഖമാകെ ജലരേഖകള്‍ പടര്‍ന്നു.മഴയേറ്റ്‌ കൊഴിഞ്ഞ ഇതളുകള്‍ തൊട്ടു നടന്ന എന്റെ കൈത്തലം അവള്‍ മുഖത്തോട്‌ ചേര്‍ത്തു. നനവ്‌. ഞാന്‍ കൈ അടര്‍ത്തിയപ്പോള്‍ അവളുടെ വലത്‌ കവിളില്‍ ഒരു നീലയിതള്‍. പൂവേതെന്നറിയില്ല. ഞാന്‍ കൈവെള്ളയില്‍ പരതി.ഇല്ല മറ്റൊരു നീലയിതള്‍.മുറ്റത്തോ, തൊടിയിലോ എങ്ങും നീല പൂക്കുന്ന ചെടിയൊന്നും കണ്ടില്ല.മഴ കൊണ്ടുവന്നതാവാം. എങ്കിലും ഒന്നു മാത്രമായ്‌...
അവള്‍ ചിരിച്ചു. നീല അടരാതെ കവിളില്‍ പടര്‍ന്നു.


17-10-2012

അവളും ഞാനും 3




ഒരു പാട്ട്‌ എഴുതിത്തുടങ്ങുകയായിരുന്നു. വെളുവെളെ വെളുത്ത വിരിയില്‍ അവളുറങ്ങി വിടര്‍ന്നിരുന്നു.പാട്ട്‌ തീരുമ്പോള്‍, ഉണര്‍ത്തി, പാടിക്കേള്‍പ്പിക്കണമെന്ന്‌ മേശവിരിയില്‍ എഴുതി വച്ചിട്ടാണവള്‍ ചാഞ്ഞത്‌. മുടിയിലെ ഈറന്‍ ചാഞ്ചാട്ടി ഉണക്കാനുള്ള കാറ്റിന്റെ ഉത്സാഹം കണ്ടിരിയ്‌ക്കവേ മഴ പെയ്‌തു. അവളുടെ മുന്‍ നിരയിലെ നീളം കൂടിയ താന്തോന്നി മുടി, മുഖത്തെ പകുത്തു വീണു. വരികള്‍ അവസാനിയ്‌ക്കുകയായിരുന്നു. ഒന്നു കൂടി മാത്രം. മഴ, പന മേലെ വളര്‍ന്നതിന്റെ ആരവം കേട്ടു. പാട്ട്‌ മുഴുമിപ്പിച്ചില്ല.മിന്നലിളക്കങ്ങള്‍, വെയിലോട്‌ ചേര്‍ത്ത കണ്ണാടിച്ചില്ലു പോലെ, മിന്നി മറയുന്ന ആ മുഖം അങ്ങനെ ഉറങ്ങട്ടെ. എന്റെ മയക്കം കൂടി ആ കണ്ണിലൊളിയ്‌ക്കട്ടെ. പുലരട്ടെ. അവളുണരട്ടെ. അത്‌ വരെ പിറക്കാത്ത വരീ...നീയാണ്‌, നീ മാത്രമാണ്‌ എന്റെ പ്രണയം.

18-10-12

2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

അവളും ഞാനും 2




പാതിമയക്കത്തിലെപ്പോഴോ എന്റെ മുഖത്തേക്ക്‌ വീണ്‌ നിറഞ്ഞു...എന്തെന്നറിയാനായില്ല. കാച്ചിയ എണ്ണ മണക്കുന്ന പഴയ ഉച്ചകള്‍,എന്നെ തിരികെയെടുത്ത പോലെ...സര്‍പ്പഗന്ധികള്‍ കാറ്റത്ത്‌ മാറാടുന്ന പൊന്തകളിലേയ്‌ക്ക്‌ ഊളിയിട്ടത്‌ പോലെ...കാവിലെ പുള്ളോര്‍ പാട്ടുകളിലെപ്പോഴൊക്കെയോ ഇഴഞ്ഞ മിനുസമുള്ള തണുപ്പ്‌ പോലെ...കണ്ട്‌ കൊതിച്ചു കാറ്റെത്തി കൈ തൊടാനാഞ്ഞ ആയിരം അപ്പൂപ്പന്‍താടികള്‍, പറന്നിറങ്ങി മുഖം മൂടിയത്‌ പോലെ...ഓര്‍മയിലെവിടൊക്കെയോ അടര്‍ന്ന കണ്ണുനീര്‌ കവിയുന്നത്‌ പോലെ...കുറേ നിറങ്ങള്‍ ഉമ്മ വച്ച പോലെ...കുറേ മണങ്ങള്‍ തൊട്ടുഴിഞ്ഞത്‌ പോലെ...ആയിരം കൈകള്‍ ചേര്‍ന്ന്‌ തലോടിയതില്‍, ഒരമ്മക്കൈ ചൂടറിഞ്ഞത്‌ പോലെ...ഇനിയുമേറെ അറിവുകളിലേയ്‌ക്ക്‌ അലയാന്‍ വിടാതെ,നനുത്ത ഒരു കൈത്തലം എന്റെ പിന്‍കഴുത്തില്‍ ചേര്‍ന്നു.മയക്കത്തിന്റെ ശേഷിച്ച പാതിയും മുറിഞ്ഞു.അവള്‍... ഒരു കുളിയുടെ ഇടവേളയില്‍ എന്നെ ഒറ്റയ്‌ക്ക്‌ വിട്ടു പോയതാണ്‌.ഞാന്‍ എപ്പോള്‍ മയങ്ങി...അറിയില്ല. ഈറന്‍ മുടി മുഖത്തിട്ട്‌ ചേര്‍ന്നു കിടക്കുകയാണവള്‍.അവളുടെ മുടി...എന്റെ മുഖം മൂടി പടര്‍ന്നു കിടക്കുന്നു.നനവ്‌ പടരുന്നു.എഴുന്നേറ്റില്ല ഞാന്‍.അവളുടെ മുടിക്കീഴില്‍ കിടന്ന്‌ , ഇനിയുമൊരായിരം അറിവുകളില്‍ തൊട്ടങ്ങനെ മയങ്ങാന്‍...കൊതിയേറുന്നു. വെറുതേ..



29-9-12

അവളും ഞാനും 1




തിരികെ നടക്കുമ്പോഴും, കടല്‍ക്കാറ്റവളുടെ മുടിയോടുള്ള കളി അവസാനിപ്പിച്ചിരുന്നില്ല. കണ്ണിലേക്ക്‌ പാറിയടുക്കുന്ന കുറുനിരയോട്‌ മല്ലിടാതെ അവള്‍ നടന്നു.ചിരിയുടെ ഒരു വിദൂരനിഴല്‍ മാത്രം മുഖത്തെങ്ങോ അണിഞ്ഞിരുന്നു.ചിരട്ടക്കമ്മലുകള്‍ പിന്നെയും ചിലമ്പിത്തിളങ്ങി. അവള്‍ പറഞ്ഞു, വേണ്ടാ... പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ ചെറുഞണ്ട്‌ കടല്‍പൂഴിയിലേക്ക്‌ ഊളിയിട്ടു. വെയില്‍ അറിഞ്ഞു തുടങ്ങിയിരുന്നു.അവളുടെ മേല്‍ചുണ്ടിന്‌ മീതെ തുഷാരം പൊടിഞ്ഞിറങ്ങി. കടല്‍ തിളയ്‌ക്കും മുമ്പ്‌, വന്‍ തിര വന്ന്‌ ഭയപ്പെടുത്തും മുമ്പ്‌, അവളേയും ചേര്‍ത്തോടി.മുഴുമിയ്‌ക്കാനായില്ല. തല താഴ്‌ത്തി അവള്‍ ഒഴുകിപ്പോയി... ചോര മുറിഞ്ഞ്‌, അവളൊഴുകി. എങ്ങോട്ടോ...എന്റെ ഞരമ്പിലേക്കല്ല എന്നു മാത്രമറിയാം.

16-10-2012

അനുയായികള്‍