2012, ഡിസംബർ 24, തിങ്കളാഴ്‌ച

സ്വപ്‌നങ്ങള്‍

 
ഉറക്കത്തിന്റെ നിസ്സഹായതയില്‍ എനിയ്‌ക്ക്‌ നഷ്ടപ്പെട്ട അവസാനത്തെ സ്വപ്‌നമായിരുന്നു നീ. അതിന്‌ ശേഷം സ്വപ്‌നങ്ങള്‍ എന്നിലേയ്‌ക്ക്‌ പ്രവേശിയ്‌ക്കുന്ന ആ വാതില്‍, ഞാന്‍ എന്നേയ്‌ക്കുമായടച്ചു. ഇപ്പോള്‍ മയക്കത്തിലെപ്പൊഴൊക്കെയോ വാതിലിനപ്പുറം സ്വപ്‌നങ്ങള്‍ ഇണചേരുന്ന സീല്‍ക്കാരം കേള്‍ക്കാം. അവര്‍ ഒരുങ്ങുകയാവാം. എണ്ണം പെരുക്കുകയാവാം. എന്റെ വാതിലിന്റെ ബലഹീനതകളെ തച്ചുടച്ച്‌,നിന്നെ ഒഴുക്കിയ ഓവിനോട്‌ചേര്‍ക്കാതെ , ഇനി എന്നെയും ഈ കുഴിയാനച്ചുഴികളിലൂടെ നഷ്ടപ്പെടുത്താന്‍...

2012, നവംബർ 29, വ്യാഴാഴ്‌ച

കണ്ണ് പെയ്യുന്പോള്‍

 
പറയാന്‍ തുടങ്ങിയാല്‍ ഒരുപാടമ്മമാര്‍ എനിയ്ക്ക് സ്വന്തമാണ്. പ്രാണന്റെ പങ്കില്‍ എന്നെ വിരിയിച്ച ചുന്ദരിയമ്മ ആദ്യം. ഓര്‍മ്മമുറ്റത്തേയ്ക്കാടിയിറങ്ങുന്ന അമ്മ മരച്ചില്ലകള്‍ രണ്ടാമത്.
പുത്രവാത്സല്യത്തിനപ്പുറം സ്‌നേഹം ചുരത്തുന്ന ഒരുപിടി നല്ലമ്മമാര്‍ വേറെ. ഓര്‍മ്മയുടെ അവസാനത്തെ കെട്ടിലും എന്നെ അടരാതെ ചേര്‍ക്കുന്ന ചില വെള്ളിമുടി അമ്മമാര്‍... ബാല്യകൗമാരങ്ങളില്‍ വിശ്വാസത്തിന്റെ അമ്പലത്തണലായി പടര്‍ന്നുകയറിയ മണമുള്ള അമ്മ. പോണ്ടിച്ചൂടില്‍, വാടിയ നാവിന് ചായമധുരമായ ഒരു കറുകറുത്ത പൂക്കാരിയമ്മ...ഇങ്ങിവിടെ കുളിര് ചാറും നാട്ടില്‍ ഇഡ്ഡലിത്തട്ടില്‍ എനിയ്ക്കായി സ്‌നേഹം ചേര്‍ത്തു പുഴുങ്ങുന്ന ഒരു വെളുവെളുത്ത ഇഡ്ഡലിക്കാരിയമ്മ. അനുദിനം മനസ്സ് തൂത്തുവെടിപ്പാക്കുന്ന അനേകമമ്മമാര്‍... കാഴ്ചയുടെ ഇരുളിലും പരിചിതമായ 'അമ്മേ' വിളിയായി എന്നെ തിരിച്ചറിയുന്ന വേറെയും അമ്മമാര്‍.. അനുഗ്രഹപ്പെയ്ത്തില്‍ എന്റെ കണ്ണും പെയ്യുകയാണ്. അഹങ്കരിച്ചോട്ടെ ഞാന്‍, ഇതില്‍ മാത്രം.

2012, നവംബർ 2, വെള്ളിയാഴ്‌ച

അവളും ഞാനും 7


മനുഷ്യനെന്ന്‌ സ്വയം വിശ്വസിയ്‌ക്കുകയായിരുന്നു. ചോരയോട്ടമറിഞ്ഞ സിരാധമനികളില്‍, കാലം മറന്ന്‌ പൂത്ത പാലമണം നിറഞ്ഞ രാത്രി,അവള്‍ ഒരു മിന്നാമിനുങ്ങിനെ കണ്ടു കൊതിച്ചു. എണ്ണമറ്റ ഭൗമസൗന്ദര്യങ്ങളെ, സ്‌മൃതിയടയാളങ്ങള്‍ അന്യമാക്കി പുണര്‍ന്ന കൈകള്‍...ഒരു മിന്നാമിനുങ്ങ്‌...കൈക്കുമ്പിള്‍ വിടര്‍ത്തിയതില്‍ അവള്‍ക്കുള്ള വിസ്‌മയം കൂടി ചേര്‍ത്തിരുന്നു. മിന്നിപ്പറന്ന താരശലഭങ്ങള്‍ പോലെ, അവളുടെ ഇളം കൗതുകങ്ങള്‍ക്ക്‌ മുമ്പില്‍ മഴയായ്‌ മിന്നാമിനുങ്ങുകള്‍ പെയ്‌തു നിറഞ്ഞു. വളയങ്ങളായ്‌. ഉള്ളില്‍ അവളും ഞാനും പരസ്‌പരം കണ്ടിരുന്നു.അവള്‍ക്കൊപ്പം മണ്ണിന്റെ കൗതുകങ്ങള്‍ ഞാനും നുകരുകയായിരുന്നു.ഗന്ധര്‍വയാമം ഒടുങ്ങാതെ തുടര്‍ന്നു.അവളോട്‌ ചേര്‍ന്ന എന്റെ കൗതുകങ്ങളും... രാത്രി മുഴുവന്‍.


7-10-2012

2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

അവളും ഞാനും 6




അന്ന്‌ ഞങ്ങളൊരു ചെടി നട്ടു.നീലപ്പൂ വിരിയുന്ന ഒരു കുഞ്ഞു ശംഖുപുഷ്‌പം. അവളാണ്‌ വഴിവക്കത്തെങ്ങോ അനാഥയായ്‌ നിന്ന ചെടിക്കുഞ്ഞിനെ വീടെത്തിച്ചത്‌.പണ്ടെങ്ങോ അമ്മച്ചെടിയില്‍ നിന്ന്‌ നുള്ളിയ പൂവിനുള്ള പ്രായശ്ചിത്തമെന്നോണം, തണല്‍ തുളുമ്പുന്ന ഞങ്ങടെ മുറ്റത്ത്‌ ആ കുഞ്ഞിയെ നട്ടു.കുഞ്ഞുനെറുകയില്‍ നീലമേഘകണം പോലെയൊരു പൂ ചൂടിയിരുന്നു.അതിന്റെ ചുഴികളിലെങ്ങോ വെയില്‍ ഒളിച്ചിരുന്നു. തളിരിന്‌ മേല്‍ വെള്ളം ഇറ്റിച്ചുകൊണ്ടിരിക്കെ, അവളോട്‌ ഞാന്‍ പറഞ്ഞു, 'ഈ തൈ എന്റെ ബാല്യമാണ്‌. ഈ പൂ എന്റെ അമ്മയുടെ കണ്ണും.' അവള്‍ കണ്ണില്‍ വിരല്‍ തൊട്ട്‌, ഒരല്‌പം കണ്മഷി, കുഞ്ഞു പൂവില്‍ തേച്ചു. എന്നിട്ട്‌ എന്നെ നോക്കി പറഞ്ഞു, 'ഇപ്പൊ ഞാന്‍ നിന്റെ ബാല്യത്തോടും, അമ്മയുടെ കണ്ണിനോടും ചേര്‍ന്ന ഇളം കറുപ്പഴകാണ്‌.'
കുഞ്ഞിപ്പൂവിന്റെ കണ്ണ്‌ നിറഞ്ഞു വന്നു.കണ്മഷി പടര്‍ന്നു.



20-10-12

2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

അവളും ഞാനും 5



രാത്രിയില്‍ എപ്പോഴോ എന്നോട്‌ പ്രണയം നിറഞ്ഞ്‌ കവിയാറുണ്ടെന്ന്‌ അവള്‍ പറഞ്ഞു. എപ്പോഴെന്ന്‌ അവള്‍ക്കറിയില്ല. അന്ന്‌ രാത്രി ഞാന്‍ ഉണര്‍ന്നിരുന്നു.അവള്‍ ഉറങ്ങി. ഞാന്‍ ഒന്നും കണ്ടില്ല. പിറ്റേന്ന്‌ ഞാനും ഉറങ്ങി.ഒരു സ്വപ്‌നം എപ്പോഴോ വന്നു ചിലമ്പി.തൊടിയിലെ കണിക്കൊന്നയ്‌ക്ക്‌ ചോട്ടില്‍, പൂവെന്നോണം പൊഴിഞ്ഞ അവള്‍. നീലയില്‍ നിറയെ വെള്ളപ്പൂക്കളുള്ള ഉടുപ്പില്‍ അവള്‍ ആകാശമായി പ്രതിഫലിച്ചിരുന്നു. കാറ്റങ്ങനെ ഇളകി, ഇളയ ദളം പോലെ അവളെ ഊയലാട്ടുകയായിരുന്നു. ആ ഒരു നിമിഷം, യാഥാര്‍ത്ഥ്യത്തിന്റെ പരമോന്നതിയില്‍ ഞാന്‍ സ്വപ്‌നം കാണുകയായിരുന്നിരിയ്‌ക്കാം. അവസാനത്തെ ശ്വാസകണം വലിച്ചടുപ്പിയ്‌ക്കാനെന്ന പോലെ, ഞാന്‍ സ്വപ്‌നക്കൊമ്പില്‍ നിന്നൂര്‍ന്നു. കണ്ണുകള്‍ വിടര്‍ന്നു.നിലാവ്‌ ചില്ല നീട്ടിയ അവളുടെ മുഖത്ത്‌, ഒരു പുഞ്ചിരിക്കീറ്‌ ചിതറി നിന്നിരുന്നു.വലത്‌ കൈ എന്റെ കാതോട്‌ ചേര്‍ന്നിരുന്നു. അവള്‍ക്കപ്പുറം ഒന്നും ഞാന്‍ അറിയാത്ത ആ സമയം...അത്‌ തന്നെയാകണം അവള്‍ പറഞ്ഞ ആ നേരം. 
പിറ്റേന്നവള്‍ നീലയില്‍ വെള്ളപ്പൂക്കളുള്ള ഒരുടുപ്പ്‌ കൊതിച്ചു. ഞാനാ മഞ്ഞക്കൂട്‌ നീട്ടി. വെള്ളപ്പൂക്കളില്‍ നീല മണം ചുരന്നു.


19-10-12

2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

അവളും ഞാനും 4



ഇലത്തുമ്പുകളില്‍ നിന്നും ഇറ്റിറ്റു വീണ ഓരോ തുള്ളിയും, അവള്‍ കണ്ണുകള്‍ കൊണ്ടൊപ്പിയെടുത്തു.കണ്ണ്‌ നിറഞ്ഞൊഴുകി. മുഖമാകെ ജലരേഖകള്‍ പടര്‍ന്നു.മഴയേറ്റ്‌ കൊഴിഞ്ഞ ഇതളുകള്‍ തൊട്ടു നടന്ന എന്റെ കൈത്തലം അവള്‍ മുഖത്തോട്‌ ചേര്‍ത്തു. നനവ്‌. ഞാന്‍ കൈ അടര്‍ത്തിയപ്പോള്‍ അവളുടെ വലത്‌ കവിളില്‍ ഒരു നീലയിതള്‍. പൂവേതെന്നറിയില്ല. ഞാന്‍ കൈവെള്ളയില്‍ പരതി.ഇല്ല മറ്റൊരു നീലയിതള്‍.മുറ്റത്തോ, തൊടിയിലോ എങ്ങും നീല പൂക്കുന്ന ചെടിയൊന്നും കണ്ടില്ല.മഴ കൊണ്ടുവന്നതാവാം. എങ്കിലും ഒന്നു മാത്രമായ്‌...
അവള്‍ ചിരിച്ചു. നീല അടരാതെ കവിളില്‍ പടര്‍ന്നു.


17-10-2012

അവളും ഞാനും 3




ഒരു പാട്ട്‌ എഴുതിത്തുടങ്ങുകയായിരുന്നു. വെളുവെളെ വെളുത്ത വിരിയില്‍ അവളുറങ്ങി വിടര്‍ന്നിരുന്നു.പാട്ട്‌ തീരുമ്പോള്‍, ഉണര്‍ത്തി, പാടിക്കേള്‍പ്പിക്കണമെന്ന്‌ മേശവിരിയില്‍ എഴുതി വച്ചിട്ടാണവള്‍ ചാഞ്ഞത്‌. മുടിയിലെ ഈറന്‍ ചാഞ്ചാട്ടി ഉണക്കാനുള്ള കാറ്റിന്റെ ഉത്സാഹം കണ്ടിരിയ്‌ക്കവേ മഴ പെയ്‌തു. അവളുടെ മുന്‍ നിരയിലെ നീളം കൂടിയ താന്തോന്നി മുടി, മുഖത്തെ പകുത്തു വീണു. വരികള്‍ അവസാനിയ്‌ക്കുകയായിരുന്നു. ഒന്നു കൂടി മാത്രം. മഴ, പന മേലെ വളര്‍ന്നതിന്റെ ആരവം കേട്ടു. പാട്ട്‌ മുഴുമിപ്പിച്ചില്ല.മിന്നലിളക്കങ്ങള്‍, വെയിലോട്‌ ചേര്‍ത്ത കണ്ണാടിച്ചില്ലു പോലെ, മിന്നി മറയുന്ന ആ മുഖം അങ്ങനെ ഉറങ്ങട്ടെ. എന്റെ മയക്കം കൂടി ആ കണ്ണിലൊളിയ്‌ക്കട്ടെ. പുലരട്ടെ. അവളുണരട്ടെ. അത്‌ വരെ പിറക്കാത്ത വരീ...നീയാണ്‌, നീ മാത്രമാണ്‌ എന്റെ പ്രണയം.

18-10-12

2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

അവളും ഞാനും 2




പാതിമയക്കത്തിലെപ്പോഴോ എന്റെ മുഖത്തേക്ക്‌ വീണ്‌ നിറഞ്ഞു...എന്തെന്നറിയാനായില്ല. കാച്ചിയ എണ്ണ മണക്കുന്ന പഴയ ഉച്ചകള്‍,എന്നെ തിരികെയെടുത്ത പോലെ...സര്‍പ്പഗന്ധികള്‍ കാറ്റത്ത്‌ മാറാടുന്ന പൊന്തകളിലേയ്‌ക്ക്‌ ഊളിയിട്ടത്‌ പോലെ...കാവിലെ പുള്ളോര്‍ പാട്ടുകളിലെപ്പോഴൊക്കെയോ ഇഴഞ്ഞ മിനുസമുള്ള തണുപ്പ്‌ പോലെ...കണ്ട്‌ കൊതിച്ചു കാറ്റെത്തി കൈ തൊടാനാഞ്ഞ ആയിരം അപ്പൂപ്പന്‍താടികള്‍, പറന്നിറങ്ങി മുഖം മൂടിയത്‌ പോലെ...ഓര്‍മയിലെവിടൊക്കെയോ അടര്‍ന്ന കണ്ണുനീര്‌ കവിയുന്നത്‌ പോലെ...കുറേ നിറങ്ങള്‍ ഉമ്മ വച്ച പോലെ...കുറേ മണങ്ങള്‍ തൊട്ടുഴിഞ്ഞത്‌ പോലെ...ആയിരം കൈകള്‍ ചേര്‍ന്ന്‌ തലോടിയതില്‍, ഒരമ്മക്കൈ ചൂടറിഞ്ഞത്‌ പോലെ...ഇനിയുമേറെ അറിവുകളിലേയ്‌ക്ക്‌ അലയാന്‍ വിടാതെ,നനുത്ത ഒരു കൈത്തലം എന്റെ പിന്‍കഴുത്തില്‍ ചേര്‍ന്നു.മയക്കത്തിന്റെ ശേഷിച്ച പാതിയും മുറിഞ്ഞു.അവള്‍... ഒരു കുളിയുടെ ഇടവേളയില്‍ എന്നെ ഒറ്റയ്‌ക്ക്‌ വിട്ടു പോയതാണ്‌.ഞാന്‍ എപ്പോള്‍ മയങ്ങി...അറിയില്ല. ഈറന്‍ മുടി മുഖത്തിട്ട്‌ ചേര്‍ന്നു കിടക്കുകയാണവള്‍.അവളുടെ മുടി...എന്റെ മുഖം മൂടി പടര്‍ന്നു കിടക്കുന്നു.നനവ്‌ പടരുന്നു.എഴുന്നേറ്റില്ല ഞാന്‍.അവളുടെ മുടിക്കീഴില്‍ കിടന്ന്‌ , ഇനിയുമൊരായിരം അറിവുകളില്‍ തൊട്ടങ്ങനെ മയങ്ങാന്‍...കൊതിയേറുന്നു. വെറുതേ..



29-9-12

അവളും ഞാനും 1




തിരികെ നടക്കുമ്പോഴും, കടല്‍ക്കാറ്റവളുടെ മുടിയോടുള്ള കളി അവസാനിപ്പിച്ചിരുന്നില്ല. കണ്ണിലേക്ക്‌ പാറിയടുക്കുന്ന കുറുനിരയോട്‌ മല്ലിടാതെ അവള്‍ നടന്നു.ചിരിയുടെ ഒരു വിദൂരനിഴല്‍ മാത്രം മുഖത്തെങ്ങോ അണിഞ്ഞിരുന്നു.ചിരട്ടക്കമ്മലുകള്‍ പിന്നെയും ചിലമ്പിത്തിളങ്ങി. അവള്‍ പറഞ്ഞു, വേണ്ടാ... പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ ചെറുഞണ്ട്‌ കടല്‍പൂഴിയിലേക്ക്‌ ഊളിയിട്ടു. വെയില്‍ അറിഞ്ഞു തുടങ്ങിയിരുന്നു.അവളുടെ മേല്‍ചുണ്ടിന്‌ മീതെ തുഷാരം പൊടിഞ്ഞിറങ്ങി. കടല്‍ തിളയ്‌ക്കും മുമ്പ്‌, വന്‍ തിര വന്ന്‌ ഭയപ്പെടുത്തും മുമ്പ്‌, അവളേയും ചേര്‍ത്തോടി.മുഴുമിയ്‌ക്കാനായില്ല. തല താഴ്‌ത്തി അവള്‍ ഒഴുകിപ്പോയി... ചോര മുറിഞ്ഞ്‌, അവളൊഴുകി. എങ്ങോട്ടോ...എന്റെ ഞരമ്പിലേക്കല്ല എന്നു മാത്രമറിയാം.

16-10-2012

2012, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

സേവ്ഡ് മെസ്സേജ്സ്-2

നമുക്ക് നടക്കാം..
ചക്രവാളങ്ങള്‍ക്കപ്പുറത്തേയ്ക്ക്...
മഴയുടെ വരകളില്‍ മുഖം ചേര്‍ക്കാം...
ഇലകളില്‍ തൊട്ടുനിന്നാ മര്‍മ്മരം കാതോര്‍ക്കാം...
ജനിമൃതികള്‍ മറന്നീ തീരത്തെ നിലാവിലുലാവാം...
പുഴയുടെ ഇളയോളത്തില്‍ ഉടയുന്ന ചന്ദ്രബിംബത്തെ,കൈക്കുമ്പിളില്‍ ചേര്‍ത്ത് വയ്ക്കാം. നിശാഗന്ധികളിലെ കൗതുകം നിറഞ്ഞ സൌരഭ്യം നുകരാം.പിന്നെയും നടന്നീ മിന്നാമിനുങ്ങിന്‍റെ ആത്മപ്രകാശത്തില്‍ പരസ്പരം കാണാം...കണ്ണില്‍ നോക്കാം...രാപ്പാടികള്‍ പാടി നിര്‍ത്തുന്നിടത്ത് നമുക്ക് തുടങ്ങാം.പുല്‍മേട്ടില്‍ നേര്‍ത്ത നാമ്പുകളില്‍ ചേര്‍ന്നുറങ്ങാം...നക്ഷത്രങ്ങള്‍ കാവല്‍ നില്‍ക്കട്ടെ.കാറ്റുമുറങ്ങട്ടെ നമുക്കൊപ്പം.പുലരി പ്രതീക്ഷിക്കേണ്ട. 
ഈ നേര്‍ത്ത വെട്ടം മാത്രം മതി.ഉണരുമ്പോള്‍ പരസ്പരം കാണാന്‍...
കാറ്റേ അവളെ ഉമ്മ വയ്ക്കല്ലേ...

2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

സേവ്ഡ് മെസ്സേജ്സ്-1

ഞാന്‍ ഒരു പുല്‍ക്കൊടിയെ തൊട്ടു...മഞ്ഞുതുള്ളി ചിരിച്ചു. 
കണ്മുന്പിലൂടെ ചാടി മറഞ്ഞ പുല്‍ച്ചാടി,സുര്യകിരണമേറ്റ് തിമിര്‍ത്തു. പുല്‍മേട്ടിലാകെ തളിര്‍നാമ്പുകള്‍...
ഹൃദയം വസന്തോദയമറിഞ്ഞു.
മനസ്സിലൊരു പ്രമദവനം തളിര്‍ത്തു തുടങ്ങി.എങ്ങും പുതു സുഗന്ധം.
ഞാന്‍ ഉണരുകയാണ്.ഇല ചൂടുകയാണ്. 
വസന്തം...


(28/12/2011)

2012, ഓഗസ്റ്റ് 1, ബുധനാഴ്‌ച

കാല് മാറിയ കഥ...

മൂന്നാം ക്ലാസ്സില്‍ വച്ചാണെന്നാണോര്‍മ്മ..ഉച്ചയ്ക്കത്തെ ഇടവേള ഒരു ബഹളമാണ്.. കള്ളനും പോലീസും ഓടിക്കളിക്കുന്ന സമയം. ഒരു ദിവസം ഉച്ചയ്ക്ക് ഒരുത്തന്‍ എനിക്കിട്ടൊരു ചാമ്പും തന്നിട്ടോടി..ഞാന്‍ വിടുവോ..ശക്തിമാന്‍ മാതൃകാപുരുഷനായ കാലമാണ്.എവിടെ അക്രമം.?അനുവദിക്കില്ല ഞാന്‍. ഞാനും പിറകേയോടി.അവനെ കാണുന്നില്ല.അവസാനം എന്റെ ഡിറ്റക്ടീവ് ബുദ്ധി പ്രവര്‍ത്തിച്ചു.ക്ലാസ്സുകള്‍ക്കിടയിലൂടെ ഇഴഞ്ഞു പോകാം.അന്ന് ഞങ്ങടെ സ്ക്കൂളിലെ ക്ലാസ്സുകള്‍ പലക കൊണ്ടുണ്ടാക്കിയ സ്ക്രീനുകള്‍ വച്ചായിരുന്നു തിരിച്ചിരുന്നത്.അപ്പോള്‍ ആരും കാണില്ല.പക്ഷെ സ്ക്രീനിനടി വഴി നോക്കിയാല്‍ അവനെ കണ്ടു പിടിക്കുകയും ചെയ്യാം.ഹാ..ഐഡിയ..

അങ്ങനെ ഇഴഞ്ഞു പോകുമ്പോള്‍ അതാ അവന്റെ കാലുകള്‍,അപ്പുറത്തെ ക്ലാസ്സില്‍. എനിക്കറിഞ്ഞുകൂടെ അവന്റെ ചെരുപ്പ്.പിന്നെ ഒട്ടും വൈകിയില്ല, സ്ക്രീനിനടി വഴി ഒറ്റപ്പിടുത്തം.അവന്റെ കാലില്‍ തന്നെ.പ്ലക്കോ..ഒരു ചവിട്ടു കിട്ടിയതാ.ഒരു നിമിഷം ഒന്നും മനസ്സിലായില്ല. പക്ഷെ ഒരു കാറിച്ച കേട്ടിരുന്നു.മുട്ടിലിഴഞ്ഞ പൊസിഷനില്‍ നിന്ന് ഉയരാന്‍ തുടങ്ങുമ്പോള്‍,ദേ ചുറ്റും ഒരു കൂട് പെണ്‍പിള്ളേര്‍.കലപില കലപിലാന്ന്.എല്ലാത്തിന്റേം കൈയില്‍ ചോറ്റുപാത്രോം,വാട്ടര്‍ ബോട്ടിലും ഒക്കെ ആയുധങ്ങള്‍.അപ്പോള്‍ എനിക്ക് ഏതാണ്ട് കാര്യങ്ങള്‍ വ്യക്തമായി. പിടിച്ച ചെരുപ്പും,കാലും മാറി. പുല്ലിംഗം സ്ത്രീലിംഗമായത് അറിഞ്ഞില്ല.ശക്തിമാന്‍ ഗംഗാധറായി.

അന്നത്തെ പിള്ളേരായത് കൊണ്ട് അംഗഭംഗം ഒന്നും ഉണ്ടായില്ല. ഇന്നായിരുന്നേല്‍ മിക്കവാറും പീഡനത്തിനു പത്രത്തില്‍ കേറി ചിരിച്ചിരുന്നേനെ.ശോ..എന്നാലും ഈ ചെരുപ്പ് കമ്പനിക്കാര്‍ ഇങ്ങനൊരു ചതി ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചില്ല..

2012, ജൂലൈ 13, വെള്ളിയാഴ്‌ച

കഥകളനവധി


കുട്ടിയായിരിക്കുമ്പോള്‍ ഓരോ ദിവസവും നമ്മളെ ചുറ്റിപ്പറ്റി, ചുറ്റുപാടും നിറയുന്ന കഥകളും, കേള്‍വിക്കാരും അനവധിയാണ്.ചെറു ചൊടിയനക്കം പോലും കഥ..എല്ലാവര്‍ക്കും കൗതുകമുള്ള കഥകള്‍. എന്നാല്‍ വളര്‍ച്ചയ്ക്കൊപ്പം കഥകളും, അവയുടെ സ്വഭാവവും, കൌതുകാംശവും, കേള്‍വിക്കാരുടെ എണ്ണവും പ്രതികരണങ്ങളും എല്ലാം മാറിമറിയും.കഥകള്‍ വിരളമോ, ധാരാളമോ ആകും..കഥകളാല്‍ മൂടിപ്പോകാം.. കഥകളേ തീര്‍ന്നുപോയെന്നും വരാം. അപ്പോള്‍ പിന്നെ പറഞ്ഞു ചിരിക്കാന്‍ വേറൊരു ശൈശവമോ ബാല്യമോ കഥകളുമായി മുന്നിലെത്തണം..അങ്ങനെ തുടര്‍ച്ച..കേള്‍വിക്കാരനായി...

2012, ജൂൺ 17, ഞായറാഴ്‌ച

മഴ...മഴ...മഴ...മഴ...മഴയോ.....

മഴ...മഴ...മഴ...മഴ...മഴയോ.....
ഇഴ...ഇഴ...ഇഴ...ഇഴ...ഇഴയേ...
പുഴ... പുഴ... പുഴ... പുഴ... പുഴയോ...
വഴി... വഴി... വഴി... വഴി... വഴിയേ...

മണ്‍ചുവരായ് മെയ്‌ നനയെ...
കൈയ്യകലെ, നീയലിയെ...

ഈ മഴയില്‍, കൈ മറവില്‍
മെയ്യുരിയും, പൊയ്നിറമോ...

ഈയുടലില്‍ , നനവാടകളില്‍
മഴനാരുകളെന്‍, ഇഴ പാകുകയോ...

മഴ...മഴ...മഴ...മഴ...മഴയോ.....
ഇഴ...ഇഴ...ഇഴ...ഇഴ...ഇഴയായ്...
പുഴ... പുഴ... പുഴ... പുഴ... പുഴയായ്...
വഴി... വഴി... വഴി... വഴി... വഴിയേ...

2012, ജൂൺ 15, വെള്ളിയാഴ്‌ച

കൃഷ്ണമുഖി



പാര്‍വണമലിയുന്ന സന്ധ്യയിലിന്നും
പൂമണമൊഴുകുന്നു...
പാതിയടഞ്ഞ മിഴിത്തളിര്‍ തുമ്പിലീ
നീര്‍കണമെന്തിനൊളിക്കുന്നു...
കൃഷ്ണമുഖീ...ഘനശ്യാമമുഖീ..
ഈ പീലികള്‍ നിന്നെ വിളിക്കുന്നു...

പണ്ടു ചിതറിയ ചില്ലു കുമിളകള്‍
കാല്‍തള ചേര്‍ന്നു മയങ്ങുന്നു...
സൂര്യതപം വീണ സാന്ധ്യതടങ്ങളില്‍
ശ്യാമസുഗന്ധമുലാവുന്നു...
കാറ്റിരമ്പം പോലുമീ മുളന്തണ്ടിലെ
മൗനമുടയ്ക്കാതകലുന്നു...
കൃഷ്ണമുഖീ...ഘനശ്യാമമുഖീ..
ഈ പീലികളോര്‍മ തലോടുന്നു...

മേഘവിഷാദമുഴിഞ്ഞ നഭസ്സിലീ
മേടനിലാവ് വിതുമ്പുന്നു...
ചേമ്പിലയമ്പിളി ചന്ദനപ്പൊട്ടിനെ
ദൂരെയെറിഞ്ഞു ചിരിക്കുന്നു...
ഈ വഴി വീണ നിഴല്‍പാടൊന്നിലീ
നീര്‍മണി നിന്നെ വരയ്ക്കുന്നു...
കൃഷ്ണമുഖീ...ഘനശ്യാമമുഖീ..
ഈ പീലികള്‍ നമ്മെ വിളിക്കുന്നു...

പാര്‍വണമലിയുന്ന സന്ധ്യയിലിന്നും
പൂമണമൊഴുകുന്നു...
പാതിയടഞ്ഞ മിഴിത്തളിര്‍ തുമ്പിലീ
നീര്‍കണമെന്തിനൊളിക്കുന്നു...
കൃഷ്ണമുഖീ...ഘനശ്യാമമുഖീ..
ഈ പീലികള്‍ നിന്നെ വിളിക്കുന്നു...
ഈ പീലികളോര്‍മ തലോടുന്നു...




(you can listen to this song in my voice here)

മലരോര്‍മ

പകല്‍വാ തുറന്നെത്തിയോ,
വെയില്‍ചിരി പൈതലേ...
നിറത്താലി മേലോണവും,
ഇലക്കീറുമായ് വന്നുവോ...
കതിര്‍ ചൂടുമീ തുമ്പകള്‍,
കളത്തണലിലാടുന്നുവോ...
മുടിത്തുമ്പിലെ നീര്‍ത്തുള്ളിയായ്‌,
നമ്മളെവിടെ കൊഴിഞ്ഞെങ്കിലും,
വിടാതെന്നുമുള്ളിലീ മലരോര്‍മകള്‍...

2012, ജൂൺ 14, വ്യാഴാഴ്‌ച

തൂവലൊരെണ്ണം


ആ ചില്ലേലീചില്ലേലൂര്‍ന്നു വരുന്നേ...
കാറ്റേറ്റു ചിറകിറ്റ തൂവലൊരെണ്ണം.
കാണാമഴവില്‍ മേലേ പാറിയൊരുണ്ണിപ്പൂമാന-
ക്കിളിയിറ്റ തൂവലൊരെണ്ണം.
ചെറു തൂവലൊരെണ്ണം.
തൂവലൊരെണ്ണം.
ചെറു തൂവലൊരെണ്ണം.

മഴ ചാറണതറിയാതെ,
മഴനൂലിലുടക്കാതെ...
തൂവലൊരെണ്ണം.
ചെറു തൂവലൊരെണ്ണം.
ഉയരങ്ങളിലകലങ്ങളിലുലയാതെ വരുന്നേ..
ചെറു പീലികളവയാകെയുമുടലാക്കി വരുന്നേ...
തൂവലൊരെണ്ണം.
ചെറു തൂവലൊരെണ്ണം.

പലനാളു പറന്നില്ലേ...
പിരിയാതെ കഴിഞ്ഞില്ലേ...
ചിറകില്ല ഒളിക്കാനും,
കിളിയില്ല പറക്കാനും...
തൂവലൊരെണ്ണം.
ചെറു തൂവലൊരെണ്ണം.
അറിയാതെയടര്‍ന്നിന്നീയിതളായി വരുന്നുണ്ടേ...
ചിറകൊത്തിരി പാറുമ്പോള്‍, കഥയായി വരുന്നുണ്ടേ...
തൂവലൊരെണ്ണം.
ചെറു തൂവലൊരെണ്ണം.



2012, ജൂൺ 13, ബുധനാഴ്‌ച

ഓര്‍മ്മകള്‍

നിലാവിലകളില്‍ പൊതിയുമീ
കിനാമഴ വിരലായ്...
മുകില്‍ മലരികളില്‍
നിഴല്‍ ശലഭമായ്...
തളിരണിയുമഴക് വനികളില്‍
നിറയുമമൃതമോര്‍മ്മകള്‍...


2012, ജൂൺ 1, വെള്ളിയാഴ്‌ച

3. എന്തേ വൈകി...

ഇന്നും വരാനെന്തെ വൈകീ ഞാന്‍...
നിന്റെ കണ്ണില്‍ തൊടാനെന്തേ വൈകീ...
പുകമഞ്ഞു മൂടിയ ജാലകചില്ലിലൂടറിയാതെ നോക്കുവാന്‍ വൈകി...
ഇന്നുമാദ്യം ചിരിക്കാന്‍ വൈകി..

പേരായി മാത്രം അറിഞ്ഞ നീയെന്നുള്ളില്‍
വേരായതറിയാന്‍ ഏറെ വൈകി...
നേര് പറയാനുമാദ്യമായ് വൈകി...

പറയാതെയുള്ളില്‍ പിടയുന്ന നോവിനെ
പ്രണയമായ് പുല്‍കുവാന്‍ വൈകി...
എന്നെയറിയാനുമെത്രയോ വൈകി...

2. മഴയില്‍

വൈകി ഞാനെത്തി നിന്‍ പൂന്തോപ്പിലെ
നേര്‍ത്ത പൂവിന്റെ ഈറന്‍ നിഴല്‍ ചോട്ടിലായ്...
കണ്ടില്ല നിന്നെ ഇതള്‍ കൂമ്പിലും,
എന്റെ തൂവല്‍ കിളിക്കൂട്ടിലും...
എങ്കിലും നീ മയങ്ങുന്ന മഴക്കാട് തേടി ഞാന്‍,
മേഘമായ് കാറ്റില്‍ അലിഞ്ഞുപോയി...
അറിയാം എനിക്കൊന്നു മാത്രം...
തൊട്ടിരിക്കാം നിന്നെ,
അറിയാതെയെങ്കിലും ,
മഴനൂലു പോലെ ഞാന്‍ എവിടെ വച്ചോ...

1.രാവഴക്

രാവഴകില്‍ നിലാവഴകില്‍
ഞാന്‍ തേടിയതും നിന്‍ നിഴല്‍ മാത്രം..
പൂവനിയില്‍ നിന്‍ പൂമിഴിയില്‍ ഞാന്‍
കണ്ടതുമീ ചിരി മാത്രം..
നീയറിഞ്ഞോ നിന്‍ വിരലറിഞ്ഞോ
എന്‍ വീണയിലൂറിയ പ്രിയഗാനം..
എന്ന് വരും നീ ..ഈ വഴിയോമലെ..
രാമഴ തോരാറായി.. വീണ്ടും പൂവിളി കേള്‍ക്കാറായി...
വീണ്ടും പൂവിളി കേള്‍ക്കാറായി......
ഇനിയൊരല്പം പ്രണയമാകാം... രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയ കുറച്ച് പ്രണയ കവിതകള്‍...

2012, മാർച്ച് 10, ശനിയാഴ്‌ച

മുറ്റത്തെ പേര വെട്ടി

മുറ്റത്തെ പേര വെട്ടി.
ഇന്നലെ അച്ഛന്‍  പറഞ്ഞു..
പൂക്കാലവും  കായ് കാലവും വരുമ്പോള്‍
തോട്ടിയും കൈയും എത്തിപ്പറിക്കാന്‍,  ഇനി ആ ഉരുണ്ട മധുരങ്ങള്‍ പുരയോടിനെ തഴുകിയുണ്ടാകില്ല.
ഓടിനും ഷീറ്റിനും മേലെ മെയ്പന്ത്  കളിയ്ക്കാന്‍ എലികള്‍ ഇനി വരില്ല.
പന്തല്‍ വിരിച്ച ഇലചില്ലകളിലൂടെ അണ്ണാനെ തുരത്താന്‍ പേരില്ലാ   പൂച്ചയ്ക്കുമാകില്ല    . 
ധാരാളിത്തത്തില്‍ പകുതി ചപ്പിയെറിയാന്‍ വാവലുകള്‍ക്കിനി കനികളുമില്ല.
എന്റെ കുഞ്ഞനുജത്തി,നീ പിച്ച വച്ച് വന്നെടുക്കാന്‍ അവിടെ  ഇനി ഉണ്ണിക്കായ്കള്‍ കൊഴിയില്ല.. 

മുറ്റത്തെ പേര വെട്ടി.
പുതിയ കിണറിന്റെ സ്ഥാനം..
നനവറിഞ്ഞു നിറയുന്ന  കിണറിനോടൊന്നു ചോദിച്ചോട്ടെ..  .
എത്ര  മധുരമുണ്ടാകും എന്റെ പേരയുടെ  വേരോടിയ
നിന്റെ വെള്ളത്തിന്‌ ?...
എത്ര തണുപ്പുണ്ടാകും എന്റെ പേരയുടെ തണല്‍ തൊട്ട നിന്റെ ആഴങ്ങള്‍ക്ക്? ..

2012, ഫെബ്രുവരി 26, ഞായറാഴ്‌ച

തേന്‍

ഒരിക്കല്‍ പൂന്തോട്ടത്തില്‍ കിടന്നുറങ്ങി.മൂക്കിനകത്ത്‌ രണ്ടുമൂന്നു തേനീച്ചകള്‍ കേറിപ്പോയി .അസ്വസ്ഥത ഒന്നും തോന്നിയില്ല.മറന്നു കളഞ്ഞു.ഇടക്കുള്ള മൂളല്‍ സഞ്ചാരങ്ങള്‍ അറിഞ്ഞിരുന്നു.ഒരിക്കല്‍ ജലദോഷം വന്നു.മൂക്ക് ചീറ്റിയപ്പോള്‍ ,കറുത്ത കൊഴുത്ത ദ്രാവകം.ഭയന്നു.ട്യൂമര്‍ വല്ലതും.. മൂക്കിനടുത്തേക്ക് വരിയായെത്തിയ ഉറുമ്പുകളാണ് പറഞ്ഞത്,തേന്‍ .. മൂക്കിനുള്ളില്‍ , ശിരോമണ്ഡലത്തില്‍ എങ്ങോ ഒരു തേനീച്ചക്കൂട്.. ഇത് വരെ പറിച്ചെറിഞ്ഞിട്ടില്ല.. അല്പം മധുരമുള്ള സ്വപ്നങ്ങളും, ജലദോഷം ഒരല്പം ആദായകരമായ ഏര്‍പ്പാടും ആണെങ്കില്‍ ഇരിക്കട്ടെ ഒരു തേനീച്ചക്കൂട്..സ്വന്തമായി..

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

വര

വര
അതിലും വലിയ വര
കുറുകെ മറ്റൊന്ന്
നെടുകയും കുറുകയും അനവധി
കുറിയെന്നു വിളിച്ചു
കുരിശെന്ന് വിളിച്ചു
തഴമ്പെന്നു വിളിച്ചു
വേലിയെന്നു വിളിച്ചു
പാളമെന്നു വിളിച്ചു
വരയെന്നാരും വിളിച്ചില്ല..

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

നാളെ

പുതിയ കള്ളങ്ങള്‍ പറയാന്‍,പഴയ കള്ളങ്ങള്‍ പൊളിക്കാന്‍..ഇനിയുമൂഴം ഇരക്കാന്‍.. കരുതി വച്ചൊരു ദിനം.. ഒന്നും പറയാനില്ലാത്തവന്റെ ഇച്ഛാഭംഗ വേദനകള്‍, പുച്ഛനിര്‍ഭരമാകുന്നൊരു ദിനം..കൊള്ളാം..   

2012, ഫെബ്രുവരി 11, ശനിയാഴ്‌ച

നിന്റെ കൂടെ ചിരിക്കാന്‍ എനിക്ക് കൊതിയാണ്..എന്‍റെ ചിരിയുടെ അഭംഗി മറയ്ക്കാന്‍ മാത്രമല്ല..എനിക്ക് കൊതിയാണ്..

2012, ഫെബ്രുവരി 8, ബുധനാഴ്‌ച

വേലികള്‍

വേലികള്‍..
വെളിച്ചത്തിനൊപ്പം ചേര്‍ന്ന് മുഖത്ത് കറുത്ത കടുത്ത വരകള്‍..

കൈയ്യകലത്തെ കളിയാക്കി പാസ്സ്പോര്‍ട്ട് ചോദിക്കുന്ന രേഖകള്‍..

അയല്‍പിണക്കം മറക്കുന്ന രാവേളകള്‍ നുഴഞ്ഞു കയറുന്ന അതിര്‍ത്തികള്‍..

ആടിന് ചീരയെ വിലക്കുന്ന കടമ്പകള്‍..

നിന്നു വലിഞ്ഞു തുരുമ്പി ഒടിയുന്ന ദുര്‍ബലര്‍..

കുഴിച്ചോട്ടിലുറങ്ങുന്ന കുറെ പരേത ആര്‍ത്തികളുടെ കാവല്‍ക്കാര്‍..

2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

പരിചയത്തിന്റെ,സൌഹൃദത്തിന്റെ ഒക്കെ ഒരു ഘട്ടം പ്രണയമല്ലേ..അപ്പോള്‍ എന്‍റെ സംശയം ഇതാണ്,ഈ ഭൂജാത പ്രണയങ്ങളെല്ലാം ആ ഘട്ടം കടന്നാല്‍ എവിടെപ്പോകുന്നു..ആവോ..പക്ഷെ ഒന്നറിയാം, മനസിലെ നനവാറാത്ത കുഴിമാടങ്ങള്‍ ദിനം പ്രതി പെരുകുന്നുണ്ട്..

2012, ജനുവരി 30, തിങ്കളാഴ്‌ച

2012, ജനുവരി 29, ഞായറാഴ്‌ച

വഴിയറിഞ്ഞ കഥ

പറയാനുണ്ടു സഖി, വഴിയറിഞ്ഞ കഥ..
പറയാതിരുന്നാല്‍ ചിരിക്കില്ലയെങ്കില്‍,
പറയാം മടിക്കാതിനി നിന്‍റെ കാതില്‍ .
പകലിറ്റ ഇലയിലെ,പുഴു തിന്ന
വിടവിലൂടറിയാതെ കണ്ടു ഞാന്‍,
വെയില്‍ കായുമാ നിന്‍റെ,
പൂവണി മേലുടുപ്പിന്‍ നിഴല്‍..
നടന്നു, വലഞ്ഞില്ല..നിഴല്‍ ചതിച്ചില്ല..
എത്തിയീ വഴിയില്‍ നിന്‍ മിഴിയോളമരികെ.

കടപ്പാട്: കഥയറിയാതിന്നും എങ്ങോ പറക്കുന്ന,
പുഴു മൂത്ത ശലഭത്തിനായിരം നന്ദി..
എന്‍റെ വഴി കാത്ത ഇലത്തുളയ്ക്കും നന്ദി...

അനുയായികള്‍

ബ്ലോഗ് ആര്‍ക്കൈവ്